07:50pm 08 May 2026
NEWS
കുമ്പളങ്ങിക്കാരുടെ സ്വന്തം മാഷിന് നാളെ 80
08/05/2026  11:16 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുമ്പളങ്ങിക്കാരുടെ സ്വന്തം മാഷിന് നാളെ 80

 

കാലം കടന്ന്പോയ കുമ്പളങ്ങിയുടെ എട്ട് പതിറ്റാണ്ടിന്റെ ചരിത്രം.

അവികസിതമായ ഒരു നഗരപ്രാന്ത ദ്വീപിന്റെ വികസനങ്ങളിലേക്കുള്ള ഉയിർപ്പ്.

അതിനേക്കാളേറെ ഇന്ത്യൻ രാഷ്ട്രീയത്തിലെ കുമ്പളങ്ങിയുടെ തിളക്കമാർന്ന കൈയൊപ്പ്.

കുമ്പളങ്ങി ദ്വീപിന്റെ ഓരോ നിശ്വാസത്തിലും നിറഞ്ഞുനിൽക്കുന്ന ഒരു മാനവൻ. കുമ്പളങ്ങി വളർന്നത് ആ മനുഷ്യന്റെ വളർച്ചയോടൊപ്പമാണ്.

അവിടെ ആധുനിക റോഡുകൾ വന്നതും പാലങ്ങൾ വന്നതും കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ കുമ്പളങ്ങിയെ വിളക്കിച്ചേർത്തതും ആ മനുഷ്യനാണ്,
-പ്രൊഫ. കെ.വി തോമസ്.

 അദ്ദേഹത്തിന്റെ 80-ാം പിറന്നാളാണ് നാളെ.

അദ്ദേഹം പിറന്നാൾ ആഘോഷിക്കുേമ്പാൾ ആ ദ്വീപിന്റെ എട്ടുപതിറ്റാണ്ടുകൾ ഒരു ചരിത്രരേഖയായി  മുന്നിലെത്തുകയാണ്,

 ‘കുമ്പളങ്ങിയിൽ നിന്ന് ചെങ്കോട്ടയിലേക്ക്’ എന്ന പുസ്തകത്തിലൂടെ.

ഒരു ചരിത്രരേഖ എന്നതിനപ്പുറം ഒരുദേശത്തിന്റെ കഥയും സംസ്ക്കാരവും അതിജീവനത്തിനായി പൊരുതി വിജയം നേടിയ ഒരു ജനസമൂഹത്തിന്റെ നേർക്കാഴ്ചയും കൂടിയാണ് ഈ പുസ്തകം. 

അതോടൊപ്പം ആ നാടിന്റെ സ്നേഹ ശീതളിമയിൽ വളർന്ന് രാജ്യത്തിന്റെ ഭരണചക്രം തിരിക്കുന്നിടം വരെയെത്തിയ ഒരു നാട്ടിൻപുറത്തുകാരന്റെ പച്ചയായ ജീവിതാനുഭങ്ങൾ കൊണ്ട് നേരിന്റെ നേരെ പിടിച്ച കണ്ണാടികൂടിയാണിത്.

ഇതിൽ മനുഷ്യർ തമ്മിലുള്ള കൊടുക്കൽ വാങ്ങലുകൾ, സ്നേഹത്തിന്റെ സാന്ത്വന സ്പർശങ്ങൾ,  വികാര വിശേഷങ്ങൾ തുടങ്ങി രസകരങ്ങളായ ജീവിതങ്ങളുടെ ഒരു സമാഹാരം കൂടിയടങ്ങിയിട്ടുണ്ട്.

കുമ്പളങ്ങി കുറുപ്പശ്ശേരിയിൽ ദേവസി വർക്കിയുടെയും റോസ വർക്കിയുടെയുടേയും നാലുമക്കളിൽ രണ്ടാമനായി 1946 മെയ് 10നായിരുന്നു തോമസ് മാഷിന്റെ ജനനം.

കുമ്പളങ്ങിക്കാരുടെ സ്വന്തം മാഷ് കടന്ന് വന്ന  വീഥികൾ രസകരമായ അനുഭവ കുറിപ്പുകളിലൂടെ വായനക്കാരെ അവിടേക്ക് നടത്തിക്കുകയാണ് 
ഈ രചനയിലൂടെ.

ആദ്യ പുസ്തകമായ 'എന്റെ കുമ്പളങ്ങി' 2004 നവംബറിൽ കുമ്പളങ്ങിയിൽ പ്രകാശനം ചെയ്തത് എ. കെ. ആന്റണിയാണ്. തുടർന്ന് 'കുമ്പളങ്ങിക്കഥകൾ' ഉൾപ്പെടെ 16 പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളിലുള്ള ഒരു ചെറിയ ദ്വീപാണ് കുമ്പളങ്ങി. കൃഷിക്കാരും മത്സ്യത്തൊഴിലാളികളും അധിവസിക്കുന്ന ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത വിദ്യാസമ്പന്നരായ നല്ല മനസ്സിന്റെ ഉടമകളായ മനുഷ്യരാണ്.

കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് ദേവാലയവും അതിനോട് ചേർന്നുള്ള സെന്റ് പീറ്റേഴ്സ് ഹൈസ്കൂളുമാണ് കുമ്പളങ്ങി, എഴുപുന്ന, അരൂർ, കണ്ണമാലി എന്നീ ദ്വീപുകളിലെ ജനങ്ങളുടെ വിദ്യാഭ്യാസ വളർച്ചയ്ക്ക് വലിയ പങ്കുവഹിച്ചത്.

കേരള നിയമസഭ സ്പീക്കറായിരുന്ന അലക്സാണ്ടർ പറമ്പിത്തറയെ പോലുള്ള പ്രഗൽഭരായ അധ്യാപകരാണ് ഈ വിദ്യാലയത്തിന് നേതൃത്വം നൽകിയിരുന്നത്.

1951 ജൂണിൽ പിതാവ് കുറുപ്പശ്ശേരി ദേവസി വർക്കിയുടെ കൈപിടിച്ചാണ് മാഷ് സെന്റ് പീറ്റേഴ്സ് സ്കൂളിലെത്തിയത്.  അവിടെ നിന്നാണ് മാഷിന്റെ ജീവിതയാത്ര ആരംഭിച്ചത്.

എസ്.എസ്.എൽ.സിക്ക്‌ ശേഷം മൂത്ത സഹോദരൻ ജോസഫ് കുറുപ്പശ്ശേരിയുമായി തേവര തിരുഹൃദയ കലാലയത്തിൽ വിദ്യാർത്ഥിയായി. തേവര കോളേജിൽ നിന്ന് തന്നെ കെമിസ്ട്രിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് 20 വർഷക്കാലം അധ്യാപകനായും അവിടെ പ്രവർത്തിച്ചു.

1984-ൽ 36 വയസിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

പാർലമെന്റ് ഹൗസിലെത്തി നാലു പതിറ്റാണ്ടോളം ഡൽഹിയിലെ ഭരണചക്രം തിരിക്കുന്നതിൽ പങ്കാളിയായി.
73 രാജ്യങ്ങൾ സന്ദർശിച്ച് ലോകത്തെ അടുത്തറിയാനുമുള്ള അവസരം  ലഭിച്ചു.

പരിശുദ്ധ മറിയത്തിന്റെ ഭക്തനായി മാഷിനെ മാറ്റിയെടുത്തത് അമ്മയും പിന്നീട് ഭാര്യ ഷേർലിയുമാണ്. 

മാഷിന്റെ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടായിട്ടുണ്ട്. റോസാപ്പൂ നൽകിയ സുഹൃത്തുക്കൾ തന്നെ പൂവിലെ മുള്ളുകളെക്കൊണ്ട് കുത്തി വേദനിപ്പിച്ചിട്ടുണ്ട്.

1986-ൽ ഡൽഹിയിൽ വച്ച് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയെ സ്വീകരിച്ചതു മുതൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയെയും തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പയെയും നേരിൽ കാണാനും ആശീർവാദം വാങ്ങാനും മാഷിന് കഴിഞ്ഞു.

അഞ്ചുതവണ ലോകസഭയിൽ എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട് മാഷ്.
 2009-ൽ ഡോ. മൻമോഹൻ സിംഗ് മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള ഭക്ഷ്യ-പൊതു വിതരണ-ഉപഭോക്തൃ സഹമന്ത്രിയായി.

മൂന്നുതവണ പാർലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിച്ചു. രണ്ടു പ്രാവശ്യം നിയമസഭാംഗമായി. ടൂറിസം, ഫിഷറീസ്, എക്സൈസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.

എറണാകുളം ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി ട്രഷറർ, കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 
2022 മേയിൽ സജീവ കോൺഗ്രസ് രാഷ്ട്രീയം വിട്ടു.  

2003-ൽ പസഫിക്-ഏഷ്യ ട്രാവൽ അസോസിയേഷന്റെ മികച്ച ടൂറിസം മന്ത്രിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img